രക്തദാനം ചെയ്യുന്നവരറിയാൻ
അത്യാഹിതമാണ് സംഭവിച്ചിട്ടുള്ളത്. കുറേയേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രധാനമായും ചതവുകൾ, തലേച്ചാറിനേൽക്കുന്ന ക്ഷതം, എല്ലുകൾക്ക് പൊട്ടൽ. പലർക്കും അപകടത്തിൽ അമിത രക്തസ്രാവം വന്നിരിക്കാം. ചിലർക്ക് എമർജൻസി ഓപ്പറേഷൻ വേണ്ടി വരാം. ഈ രണ്ടു സാഹചര്യത്തിലും രക്തം കയറ്റേണ്ടി വരും.
ഈയവസരത്തിൽ നമുക്കു ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം രക്തദാനമാണ്. രക്തം കൊടുക്കാൻ പോകുന്നവർ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം .
1. കോഴിക്കോട്, മഞ്ചേരി, എം ഇ എസ് മെഡിക്കൽ കോളേജുകളിലും കോഴിക്കോട് മലപ്പുറം ജില്ലകളിലുള്ള മറ്റു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലുമാണ് സീരിയസ് രോഗികൾ ഉണ്ടാവുക. ഒന്നു വിളിച്ചു ചോദിച്ച ശേഷം മാത്രം ഒരു ആശുപത്രിയിലേക്ക് പോയാൽ വളരെ നന്നായിരിക്കും.
2. കൺടെയ്ൻമെന്റ് സോണിലുള്ളവർ രക്തദാനം ചെയ്യരുത് എന്ന നിർദ്ദേശമുണ്ട്.
3. കോവിഡ് രോഗിയുമായോ രോഗം സംശയിക്കുന്ന ആളുമായോ സമ്പർക്കം ഉള്ളവർ രക്തദാനം ചെയ്യരുത്.
4. വിദേശത്തു നിന്നോ അന്യ സംസ്ഥാനത്തു നിന്നോ വന്ന ശേഷം 28 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിൽ, ആരോഗ്യമുള്ള ഒരു വ്യക്തിയാണെങ്കിൽ രക്തദാനം ചെയ്യാം.
5. കോവിഡ് 19 ബാധിച്ച് സുഖപ്പെട്ട ആളാണെങ്കിൽ, ടെസ്റ്റ് നെഗറ്റീവ് ആയി 28 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിൽ രക്തദാനം ചെയ്യാം. ഇക്കാര്യം രക്ത ബാങ്കിനെ അറിയിക്കണം.
6. പനിയോ മറ്റു തരത്തിലുള്ള സാംക്രമീക രോഗങ്ങളുള്ളവർ രക്തദാനം ചെയ്യരുത്.
7. കൂട്ടമായി പോകരുത്. ശാരീരിക അകലം രണ്ട് മീറ്റർ പാലിച്ചായിരിക്കണം ബ്ലഡ് ബാങ്കിന്റെ പുറത്ത് നിൽക്കേണ്ടത്.
8. മാസ്ക് ശരിയായ രീതിയിൽ ധരിക്കണം.
9. നിങ്ങൾ വീട്ടിൽ നിന്ന് പോകുമ്പോൾ ഗ്ലൗസിട്ടിട്ടുണ്ടെങ്കിൽ അത് ബ്ലഡ് ബാങ്കിന്റെ മുന്നിൽ വെച്ചിരിക്കുന്ന അതിന്റേതായ ബക്കറ്റിൽ കളയേണ്ടതാണ്.
10. ഹാഫ് സ്ലീവ് ഷർട്ട് /അല്ലെങ്കിൽ ഫുൾ സ്ലീവ് മുകളിലേക്ക് കയറ്റി വെച്ച ശേഷം കൈമുട്ട് വരെ വൃത്തിയായി കഴുകണം. സാനിറ്റെസർ ഉപയോഗിക്കണം.
11. ബ്ലഡ് ബാങ്കിനുള്ളിൽ എ.സി. ഓഫ് ചെയ്യേണ്ടതാണ്.
12. രക്തം എടുക്കുന്ന സമയത്ത്, മുഖത്തോ മാസ്കിലോ സ്പർശിക്കരുത്.
13.. രക്തദാനം ചെയ്ത ശേഷം കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം.
14. ഇനി നമുക്കവിടെ ഒന്നും ചെയ്യാനില്ല. ശാരീരിക അകലം പാലിച്ച് എത്രയും പെട്ടെന്ന് വീട്ടിലെത്താം.
നാട് പലതരം അത്യാഹിതങ്ങൾക്കു നടുവിലാണ്. ഗവൺമെന്റ് കോളേജുകളിലെല്ലാം രക്ത ദൗർലഭ്യമുണ്ട്.നമുക്ക് ഓരോരുത്തർക്കും ചെയ്യാനേറെയുണ്ട് എന്ന തിരിച്ചറിവിൽ വരൂ , നമുക്കൊരുമിച്ച് നിൽക്കാം.
Dr. ബിന്ദു പ്രസൻ